+91 4735 223737

info@pimtc.org

Sunday School

Pimtc > Sunday School
PIMTC

സണ്‍ഡേസ്കൂള്‍

പാലക്കുന്നത്ത് അബ്രഹാം മല്പാനച്ചന്‍റെ നവീകരണ പ്രസ്ഥാനത്തിന്‍റെ ഫലമായി കൊല്ലവര്‍ഷം 1068-മാണ്ടില്‍ (എ.ഡി.1893) സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം റാന്നിയില്‍ സീയോന്‍കുന്നിലെ ഷെഡില്‍ ആരംഭിച്ചു. മാര്‍ത്തോമ്മാ, ക്നാനായ, സി. എം. എസ്. സഭകള്‍ സംയുക്തമായാണ് സണ്‍ഡേസ്കൂള്‍ നടത്തിയിരുന്നത്. ആദ്യകാലത്ത് റ്റി. റ്റി. ഫിലിപ്പോസ് താന്നിമൂട്ടില്‍, എ. വി. ജോണ്‍ എലിമുള്ളുമാങ്കല്‍ പി.കെ.ഐപ്പ് പനച്ചമൂട്ടില്‍, സി. വി. ജോര്‍ജ്ജ് പടിഞ്ഞാറേതില്‍, പി. പി. ചാക്കോ പാറയ്ക്കമണ്ണില്‍, കെ. എം. മത്തായി ചിറയ്ക്കല്‍ എന്നിവര്‍ ഇടവക സണ്‍ഡേസ്കൂളിന്‍റെ രൂപീകരണത്തിലും ഉന്നമനത്തിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. മാര്‍ത്തോമ്മാ സണ്‍ഡേസ്കൂള്‍ സമാജം രൂപീകരിച്ചതിനെത്തുടര്‍ന്ന് പഴവങ്ങാടിക്കര സണ്‍ഡേസ്കൂളിനെ കൂടാതെ ഉദിയംകുളം, എസ്.സി. സണ്‍ഡേസ്കൂളുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ശതാബ്ദി വര്‍ഷത്തില്‍ മൂന്നു സണ്‍ഡേസ്കൂളുകളിലായി 150 ല്‍ പരം കുട്ടികള്‍ അഭ്യസനം നടത്തുന്നു. 30 അധ്യാപകര്‍ സേവനം ചെയ്യുന്നു.

പഴവങ്ങാടിക്കര സണ്‍ഡേസ്കൂള്‍

പള്ളിക്കു മുമ്പേ സണ്‍ഡേസ്കൂള്‍ ആരംഭിച്ചു. പ്രഥമ ഹെഡ്മാസ്റ്റര്‍ ആയി ശ്രീ.കെ.കെ. തോമസ് കാര്യാട്ട് പ്രവര്‍ത്തിച്ചു. ആദ്യകാലങ്ങളില്‍ കാഞ്ഞിരത്തുങ്കല്‍ ശ്രീ ചാക്കോയുടെയും പിന്നീട് മുണ്ടകത്തില്‍ ശ്രീ. ഇരുപ്പൂട്ടി മത്തായിയുടെ ഭവനത്തിലും ആരംഭിച്ച സണ്‍ഡേസ്കൂള്‍ 1914 മുതല്‍ എസ്. സി. മിഡില്‍സ്കൂള്‍ ഷെഡിലേക്ക് മാറ്റി. പഴയസ്കൂള്‍ കെട്ടിടം പൊളിച്ചുമാറ്റിയപ്പോള്‍ സൗകര്യാര്‍ത്ഥം പള്ളിയിലേക്ക് പഴവങ്ങാടിക്കര സണ്‍ഡേസ്കൂള്‍ മാറ്റി. ഇപ്പോള്‍ പള്ളിയില്‍ ഞായറാഴ്ചതോറും നടത്തപ്പെടുന്നു. ഇപ്പോള്‍ ശ്രീ. ജോണ്‍ വി. ജോര്‍ജ്ജ് വാഹനില്ക്കുന്നതില്‍
ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിക്കുന്നു.

ഉതിയംകുളം സണ്‍ഡേസ്കൂള്‍

ഉതിയംകുളം, മുക്കാലുമണ്‍, എലിമുള്ളുമാങ്കല്‍, ഭാഗങ്ങളിലെ കുട്ടികള്‍ക്ക് പഴവങ്ങാടി സണ്‍ഡേസ്കൂളില്‍ പോയി പഠിക്കുക ബുദ്ധിമുട്ടായതിനാല്‍ എലിമുള്ളുമാങ്കല്‍ ശ്രീ വര്‍ഗീസിന്‍റെ പുരയിടത്തില്‍ ഒരു ഓല ഷെഡ് നിര്‍മ്മിച്ച് 1932 ല്‍ സണ്‍ഡേസ്കൂള്‍ ആരംഭിച്ചു. പ്രഥമ ഹെഡ്മാസ്റ്റര്‍ ആയി ശ്രീ.റ്റി. വര്‍ഗ്ഗീസ് തെങ്ങുംതറയില്‍ പ്രവര്‍ത്തിച്ചു. രണ്ടു മൂന്നു വര്‍ഷക്കാലയളവിനുള്ളില്‍ ഷെഡ് ജീര്‍ണിച്ചു. പ്രാര്‍ത്ഥനായോഗക്കാര്‍ കൂടിയാലോചിച്ച് വാഴയില്‍ ശ്രീ.അവറാച്ചന്‍ കൊടുത്ത സ്ഥലത്ത് 1944 ല്‍ താത്കാലിക ഷെഡ് നിര്‍മ്മിച്ച് സണ്‍ഡേസ്കൂള്‍ ആരംഭിച്ചു. അഞ്ചു വര്‍ഷക്കാലം ക്ലാസ്സുകള്‍ നടന്നെങ്കിലും നിന്നുപോയ സാഹചര്യം ഉണ്ടായി. തുടര്‍ന്ന് പനച്ചമൂട്ടില്‍ ശ്രീ.പി. കെ. ഐപ്പിന്‍റെ വീടിന്‍റെ മുന്‍വശത്തെ മുറിയില്‍ സണ്‍ഡേസ്കൂള്‍ കൂടിവരവുകള്‍ നടത്തപ്പെട്ടു. സ്ഥിരമായ കെട്ടിടത്തെപ്പറ്റിയുള്ള ആലോചനയെതുടര്‍ന്ന് മുക്കാലുമണ്‍ റോഡ് അരികില്‍ 4 സെന്‍റു സ്ഥലം പനച്ചമൂട്ടില്‍ ശ്രീ.പി. കെ.ഐപ്പ്
പ്രാര്‍ത്ഥനായോഗത്തിന് സംഭാവനയായി നല്‍കുകയും തെങ്ങും മുളകഴുക്കോലും ഉപയോഗിച്ച് പണിത കെട്ടിടത്തില്‍ 1954 ജനുവരി മുതല്‍ ക്ലാസ്സുകള്‍ തുടങ്ങുകയും ചെയ്തു. 2011 ല്‍ പുതുക്കി പണിത് കൂദാശ ചെയ്ത കെട്ടിടം പനച്ചമൂട്ടില്‍ ഐപ്പ് മെമ്മോറിയല്‍ മാര്‍ത്തോമ്മാ സെന്‍റര്‍ എന്നു നാമകരണം ചെയ്യപ്പെട്ടു. കൂദാശയെ തുടര്‍ന്ന് ഇടവകയ്ക്ക് വിട്ടുനല്കി. ഇപ്പോള്‍ അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടില്‍ ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിക്കുന്നു.

എസ്. സി. സണ്‍ഡേസ്കൂള്‍

പഴവങ്ങാടിക്കര സണ്‍ഡേസ്കൂളില്‍ പോയി പഠിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവിച്ച കരികുളം, കാഞ്ഞിരത്താമല, പെരുവയല്‍ പ്രദേശങ്ങളിലെ കുട്ടികള്‍ക്കുവേണ്ടി 1950 ല്‍ ആരംഭിച്ച എസ്. സി. സണ്‍ഡേസ്കൂള്‍ എസ്.സി.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടത്തപ്പെടുന്നു. പ്രഥമ ഹെഡ്മാസ്റ്റര്‍ ആയി ശ്രീ.ടി.പി.ഏബ്രഹാം തേക്കാട്ടില്‍ പ്രവര്‍ത്തിച്ചു. പ്രദേശത്തെ കുട്ടികളുടെ വേദപുസ്തക പരിജ്ഞാനത്തിന് സണ്‍ഡേസ്കൂള്‍ മുഖാന്തിരമായി. ഇപ്പോള്‍ ശ്രീമതി ഷേര്‍ലി വര്‍ഗീസ് ചീങ്കപ്പുറത്ത് ഹെഡ്മിസ്ട്രസ്സ് ആയി പ്രവര്‍ത്തിക്കുന്നു.